ആലുവ: കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച “അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” എന്ന പുസ്തകത്തിന്റെ പ്രകാശനം ആലുവയിൽ നടന്നു. ആർഎസ്എസ് സഹ സർകാര്യവാഹ് അതുൽ ലിമലിമയെ പ്രകാശന കർമ്മം നിർവഹിച്ചു.
ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന പ്രാന്ത വാർഷിക ബൈഠക്കിനോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ചരിത്ര ഗവേഷകനും ജീവചരിത്രകാരനുമായ പ്രൊഫ. ദേവേന്ദ്ര സ്വരൂപ് രചിച്ച പുസ്തകമാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പരിഭാഷ നിർവഹിച്ചത് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവനാണ്.
കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ. സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. സംഘടനാ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ഒരു റഫറൻസ് ഗ്രന്ഥമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവുറാവു ദേവറസ് വിവിധ സംഘടനകളുടെ രൂപീകരണത്തിനും വളർച്ചയ്‌ക്കും നിർണായക പങ്കുവഹിച്ച വ്യക്തിയാണെന്നും ദീനദയാൽ ഉപാധ്യായ, നാനാജി ദേശ്മുഖ്, അടൽ ബിഹാരി വാജ്പേയ് തുടങ്ങിയ ദേശീയ നേതാക്കളെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം വലിയതാണെന്നും ചടങ്ങിൽ ചൂണ്ടിക്കാട്ടി.
ഭാവുറാവു ദേവറസിന്റെ ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ മൂന്ന് ഭാഗങ്ങളായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 56 സഹയാത്രികരുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.