ബെംഗളൂരു: ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകുകയോ സമൻസ് കൈപ്പറ്റുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന നടപടി.
കർണാടകയിലെ ശാന്തിനഗർ, തമിഴ്നാട്ടിലെ വേളാച്ചേരി, തെലങ്കാനയിലെ സെരിലിംഗംപള്ളി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്നാണ് പരാതി. വേളാച്ചേരിയിൽ തന്നെ രണ്ട് വോട്ടർ ഐഡികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരാൾക്ക് ഒരു മണ്ഡലത്തിൽ മാത്രമേ വോട്ടറായി രജിസ്റ്റർ ചെയ്യാൻ കഴിയൂ.
ശേഷാദ്രിപുരം സ്വദേശിയായ കെ. ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്. 2019-ൽ പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതി പലതവണ സമൻസ് അയച്ചെങ്കിലും പ്രകാശ് രാജ് ഹാജരായില്ല. ഇതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.















