തൃശൂർ: ഇലക്ട്രിക് സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപിക മരിച്ചു. തൃശൂർ പുതുരുത്തി സ്വദേശിനിയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.45ഓടെയായിരുന്നു അപകടം. പതിവുപോലെ സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഷാൾ സ്കൂട്ടറിന്റെ ചക്രത്തിൽ കുരുങ്ങിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയും മിനി വർഗീസ് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മിനി വർഗീസിനെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിൽ ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് നീളമുള്ള ഷാൾ, സാരി, ദുപ്പട്ട തുടങ്ങിയവ വാഹനത്തിന്റെ ചക്രത്തിൽ കുരുങ്ങാൻ സാധ്യതയുള്ളതിനാൽ അവ സുരക്ഷിതമായി പിൻചെയ്യുകയോ ഒതുക്കുകയോ ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















