തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ വലിയ റോഡ് അപകടങ്ങളും വിശദമായി അന്വേഷിക്കാനുള്ള ലക്ഷ്യത്തോടെ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്. എല്ലാ ജില്ലകളിലും “പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം” രൂപീകരിക്കാനാണ് തീരുമാനം.
ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് നീക്കം. കൊട്ടാരക്കരയിൽ ടിപ്പർ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ജില്ലാ തലത്തിൽ രൂപീകരിക്കുന്ന സംഘത്തിൽ ആർടിഒ, പോലീസ് ഇൻസ്പെക്ടർ, പൊതുമരാമത്ത് വകുപ്പ് അല്ലെങ്കിൽ ദേശീയപാത എഞ്ചിനീയർ, നാറ്റ്പാക് ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായിരിക്കും.
സംസ്ഥാനത്തുണ്ടാകുന്ന വലിയ അപകടങ്ങൾ ഓരോ വിഭാഗവും തങ്ങളുടെ മേഖലയിൽ പ്രത്യേകം പരിശോധിക്കും. പോലീസ് നിയമപരമായ വശങ്ങൾ അന്വേഷിക്കുമ്പോൾ, പിഡബ്ല്യുഡിയും ദേശീയപാത വിഭാഗവും റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തും.
എല്ലാ അന്വേഷണങ്ങളും ഏകോപിപ്പിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.















