ബെംഗളൂരു: കർണാടകയിൽ പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദാവൻഗരെയിലെ ഹരിഹറിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന സുഹൈൽ ആണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദാവൻഗരെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പാകിസ്ഥാൻ സ്വദേശികളുമായുള്ള യുവാവിന്റെ വാട്സാപ്പ് ചാറ്റുകളിൽ ഭീകരവാദ ഉള്ളടക്കങ്ങളും കണ്ടെത്തി.
ഇയാൾ ആരുമായാണ് ബന്ധപ്പെട്ടിരുന്നത്, എന്തെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, സുഹൈലിനൊപ്പം ഉത്തർപ്രദേശിൽ നിന്ന് ഹരിഹറിലെത്തിയ മറ്റ് ഒമ്പത് പേരുടെയും പശ്ചാത്തലവും പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഇവരിൽ ആരെങ്കിലും സംശയാസ്പദ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുവരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പൊലീസ് വ്യക്തമാക്കി.















