തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിൽ നിന്നും യു.ഡി.എഫ് പിന്മാറി . പ്രമേയത്തിന് സി.പി.എം പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കത്തിൽ നിന്ന് തൽക്കാലം പിന്മാറിയത്. അതേസമയം, അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണസമിതി പൂർണ സജ്ജമാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
കൂടുതൽ സമയം ആവശ്യമുള്ളതിനാൽ തിങ്കളാഴ്ചത്തെ കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കില്ലെന്ന് കെ.എസ്. ശബരീനാഥൻ അറിയിച്ചു. പകരം ഭരണസ്തംഭനം ആരോപിച്ച് യു.ഡി.എഫ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും.
തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിന് മുന്നോടിയായി രാഷ്‌ട്രീയ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് അവിശ്വാസത്തിന് പിന്തുണ തേടി സമീപിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് അറിയിച്ചു. ഇത്തരമൊരു തീരുമാനമെടുക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിലവിൽ അത്തരമൊരു ചർച്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കുടുക്കിയ കൗൺസിലർക്കെതിരെ എന്ന പേരിൽ എൽ.ഡി.എഫ് നടത്തുന്ന അക്രമസമരം തുടരുകയാണ്.
കോർപ്പറേഷനിൽ യഥാർത്ഥത്തിൽ കോൺഗ്രസ്–സി.പി.എം സഖ്യ രാഷ്‌ട്രീയമാണ് നിലനിൽക്കുന്നതെന്നും അവിശ്വാസ നീക്കവും അതിന്റെ ഭാഗമാണെന്നും മേയർ വി.വി. രാജേഷ് ആരോപിച്ചു.എന്നാൽ അവിശ്വാസ പ്രമേയത്തിന് സി.പി.എം പിന്തുണ ലഭിക്കാത്തത് ബി.ജെ.പി–എൽ.ഡി.എഫ് ഒത്തുകളിയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിച്ചു.
നഗരത്തിലെ തെരുവുനായ പ്രശ്നം, കുടിവെള്ള ക്ഷാമം, വെള്ളക്കെട്ട്, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ഭരണസമിതി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഈ വിഷയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഭരണസ്തംഭനം ഇല്ലെന്നും മേയർ വി.വി. രാജേഷ് വസ്തുതകൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചു.
തെരുവുനായ പ്രശ്നം ഗണ്യമായി നിയന്ത്രണവിധേയമാക്കിയെന്നും മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, വെള്ളക്കെട്ട് എന്നിവയിൽ ശാശ്വത പരിഹാരത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മേയർ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണം ലഭിച്ചാൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















