ന്യൂറംബർഗ്: ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് പാകിസ്ഥാനികളും നാല് സിറിയക്കാരും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ.
ന്യൂറംബർഗ് റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ആദ്യം സമ്മാനങ്ങളും നൽകി വലയിലാക്കുകയും തുടർന്ന് ക്രിസ്റ്റൽ മെത്ത് അടക്കമുള്ള ലഹരിമരുന്നുകൾക്ക് അടിമകളാക്കുകയും ചെയ്യും. തുടർന്നാണ് ലൈംഗിക ചൂഷണത്തിനും നിർബന്ധിത വേശ്യാവൃത്തിക്കും ഇരയാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അറസ്റ്റിലായ രണ്ട് പാകിസ്ഥാനികൾക്ക് 18, 26 വയസാണ്. 24 മുതൽ 26 വയസ് വരെയാണ് പിടിയിലായ സിറിയക്കാരുടെ പ്രായം. റെയ്ഡിനിടെ ക്രിസ്റ്റൽ മെത്ത്, കൊക്കെയ്ൻ, പണം എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്തവർക്ക് ലഹരിമരുന്ന് നൽകൽ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, ബലാത്സംഗം തുടങ്ങി ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ ഇരയ്‌ക്ക് വെറും 13 വയസ് മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി ഇരകൾ സാമൂഹികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരുന്നുവെന്നും അതാണ് സംഘത്തിന് അവരെ എളുപ്പത്തിൽ ഇരകളാക്കാൻ സഹായിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.
‘ഇകെഒ കാജൽ’ എന്ന പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടികളെ ആകർഷിക്കാൻ കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണസംഘത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
സിറിയ, പാകിസ്ഥാൻ, സെർബിയ, ഗാസ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ പശ്ചാത്തലമുള്ള കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 18 മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ് അന്വേഷണപരിധിയിലുള്ളത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകാനിടയുണ്ടെന്നും ജർമ്മൻ പൊലീസ് അറിയിച്ചു.















