തിരുവനന്തപുരം: മുൻ സിപിഎം നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളിൽ പരസ്യ ഭിന്നത രൂക്ഷമാകുന്നതിനിടെ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമത എം.എൽ.എ ടി.കെ. ഗോവിന്ദന്റെ രൂക്ഷ വിമർശനം. “കഴിഞ്ഞ കുറച്ചു ദിവസമായി എം.വി. ഗോവിന്ദന് വിഭ്രാന്തി പിടിച്ചിരിക്കുകയാണ്. പാർട്ടിക്ക് തെറ്റുപറ്റിയെന്ന് ആദ്യം സമ്മതിക്കുകയാണ് അവർ ചെയ്യേണ്ടത്. തെറ്റ് തിരുത്തേണ്ടത് ഗോവിന്ദനാണ്,” എന്നാണ് ടി.കെ. ഗോവിന്ദന്റെ പ്രതികരണം.
“ഞങ്ങളെ പാർലമെന്ററി വ്യാമോഹമുള്ളവരായി ചിത്രീകരിക്കുകയാണ് സിപിഎം ചെയ്തത്. എന്നാൽ എം.എൽ.എയും മന്ത്രിയുമായിരുന്ന എം.വി. ഗോവിന്ദൻ സ്വന്തം ഭാര്യയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിൽ പാർലമെന്ററി വ്യാമോഹമില്ലായിരുന്നോ?” എന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി നേതൃത്വം സ്വന്തം തെറ്റുകൾ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും പോലുള്ള മുൻ നേതാക്കൾ തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കാമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിരുന്നുവെന്നും, നയപരമായ തെറ്റുകളുടെ പേരിൽ പഴയ സഖാക്കളെ സ്ഥിരമായി ഒറ്റപ്പെടുത്തുന്ന സമീപനം സിപിഎമ്മിനില്ലെന്നും ജയരാജൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
എന്നാൽ എം.വി. ജയരാജന്റെ പ്രസ്താവനകൾ തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. “ജയരാജൻ സംസാരിച്ചത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല. തെറ്റ് തിരുത്തിയാൽ ആരെയും തിരിച്ചെടുക്കുമെന്നത് പൊതുവായ നിലപാടാണെങ്കിലും, പാർട്ടിയെ വഞ്ചിച്ച് വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അത്തരക്കാരെ വിമർശിക്കുന്നത് തുടരും,” എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ടി.കെ. ഗോവിന്ദൻ തിരിച്ചടിച്ചത്.















