തിരുവനന്തപുരം: ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃകയായി വീണ്ടും ഒരു അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസ്സുകാരൻ യാഷ് വാന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്.
തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് അതിവേഗം എത്തിക്കുന്നതിനായി പൊലീസ് പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കി. കോഴിക്കോട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അവയവങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. KL 16 W 424 നമ്പർ ആംബുലൻസിലാണ് അവയവങ്ങൾ കോഴിക്കോട് എത്തിക്കുന്നത്. ഗതാഗതം സുഗമമാക്കാൻ പൊലീസ് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യാഷ് വാന്റെ കുടുംബത്തിന്റെ ഈ തീരുമാനം അഞ്ച് രോഗികൾക്ക് പുതുജീവിതത്തിനുള്ള പ്രതീക്ഷയാണ് നൽകുന്നത്. അവയവദാനത്തിന്റെ പ്രാധാന്യം വീണ്ടും സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന സംഭവമായാണ് ഇതിനെ ആരോഗ്യരംഗം വിലയിരുത്തുന്നത്.















