ന്യൂഡല്‍ഹി: ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് മാനവ് തക്കറും മനുഷ് ഷായും. ഏറ്റവും പുതിയ ഐടിടിഎഫ് പുരുഷ ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ഇരുവരും കരിയറിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകള്‍ സ്വന്തമാക്കിയ സഖ്യങ്ങളിലൊന്നായി ഇതോടെ മാനവ്-മനുഷ് കൂട്ടുകെട്ട് മാറി. കഴിഞ്ഞ മാസങ്ങളായി വേള്‍ഡ് ടേബിള്‍ ടെന്നീസ് സര്‍ക്യൂട്ടില്‍ കാഴ്ചവെച്ച സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
കിരീടവിജയങ്ങളും ലോക ചാമ്പ്യന്‍മാരെ വരെ തോല്‍പ്പിച്ച പ്രകടനങ്ങളുമാണ് ഇന്ത്യന്‍ സഖ്യത്തെ ലോക ടേബിള്‍ ടെന്നീസിലെ കരുത്തരായ ഡബിള്‍സ് ജോഡികളിലൊന്നാക്കി മാറ്റിയത്. ലോക റാങ്കിങ്ങിലെ ആദ്യ അഞ്ചില്‍ ഇടം നേടുക മാത്രമല്ല, ആ സ്ഥാനം നിലനിര്‍ത്താനും ഇരുവരും തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി ഡബ്ല്യുടിടി ടൂര്‍ണമെന്റുകളില്‍ നിര്‍ണായക റാങ്കിങ് പോയിന്റുകള്‍ സ്വന്തമാക്കിയ മാനവും മനുഷും ലോകത്തിലെ മികച്ച ജോഡികള്‍ക്കെതിരെ തുല്യശക്തിയോടെ മത്സരിക്കാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചു.
ഡബ്ല്യുടിടി കണ്ടെന്‍ഡര്‍ ലാഗോസില്‍ കിരീടം നേടിയതിന് പിന്നാലെ നാലാം സ്ഥാനത്തെത്തിയിരുന്ന ഇന്ത്യന്‍ സഖ്യം, തുടര്‍ന്ന് മികച്ച പ്രകടനങ്ങള്‍ തുടരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ലോക മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ്. ഈ സീസണിലെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നായിരുന്നു ഡബ്ല്യുടിടി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്മാഷ് 2026 ടൂര്‍ണമെന്റില്‍ ജപ്പാന്റെ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഷുന്‍സുകെ ടോഗാമി-സോറ മത്സുഷിമ സഖ്യത്തെ അട്ടിമറിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷവും 8-11, 11-8, 11-8, 11-7 എന്ന സ്‌കോറിന് തിരിച്ചടിച്ച ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
ലോക ചാമ്പ്യന്‍മാരെ തോല്‍പ്പിച്ച ഈ വിജയം റാങ്കിങ്ങിലെ ഉയര്‍ച്ചയ്‌ക്ക് വലിയ കരുത്തായി. ഇതിന് മുമ്പ് ഡബ്ല്യുടിടി കണ്ടെന്‍ഡര്‍ ലാഗോസില്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയതും, സ്റ്റാര്‍ കണ്ടെന്‍ഡര്‍ ലുബ്ലിയാനയില്‍ ഫ്രാന്‍സിന്റെ ലോക 22-ാം റാങ്കുകാരായ സഖ്യത്തെ പരാജയപ്പെടുത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളായിരുന്നു. അതേസമയം മനുഷ് ഷാ സിംഗിള്‍സില്‍ ലോക 35-ാം റാങ്കുകാരനായ ചെന്‍ ജുന്‍സോങിനെ വീഴ്‌ത്തിയും മികവ് തെളിയിച്ചിരുന്നു.
വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീമിലും മാനവ് തക്കറും മനുഷ് ഷായും ഇടം നേടിയിട്ടുണ്ട്. ജി. സത്യന്‍, ഹര്‍മീത് ദേശായി, പായസ് ജെയിന്‍ എന്നിവരും ടീമിലുണ്ട്. നിലവിലെ ലോക മൂന്നാം റാങ്കിന്റെ കരുത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മുന്‍നിര സീഡിംഗ് ലഭിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിച്ചിട്ടുണ്ട്. അത് മെഡല്‍ പ്രതീക്ഷകള്‍ക്കും വലിയ കരുത്താകും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് കൈവരിച്ച വളര്‍ച്ചയുടെ പ്രതിഫലനമാണ് മാനവ്-മനുഷ് സഖ്യത്തിന്റെ ഈ നേട്ടം. ലോക ടേബിള്‍ ടെന്നീസില്‍ അട്ടിമറികള്‍ സൃഷ്ടിക്കുന്ന ടീം എന്നതില്‍ നിന്ന് സ്ഥിരമായി കിരീടങ്ങള്‍ ലക്ഷ്യമിടുന്ന ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവുകൂടിയാണ് ഈ റാങ്കിങ്.
ലോക മൂന്നാം റാങ്ക് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഇനി ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഗ്രാന്‍ഡ് സ്മാഷ് ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ മെഡല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയെന്നതാണ് മാനവ് തക്കറിന്റെയും മനുഷ് ഷായുടെയും അടുത്ത ലക്ഷ്യം. ഇന്ത്യന്‍ ടേബിള്‍ ടെന്നീസിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന നേട്ടമായാണ് ഈ റാങ്കിങ് ഉയര്‍ച്ച വിലയിരുത്തപ്പെടുന്നത്.















