മേപ്പാടി: വയനാട് കള്ളാടി തുരങ്കപാതയുടെ നിര്‍മാണ മേഖലയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഏഴുപേരെ കാണാതായതായും ഏഴുപേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ കുടുങ്ങിയവര്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മീനാക്ഷിപ്പാലത്തിന് സമീപമുള്ള നിര്‍മാണ മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണ് വലിയ തോതില്‍ ഇടിഞ്ഞുവീഴുകയും നിര്‍മാണ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തൊഴിലാളികളെ കൊണ്ടുവന്ന ബസും മണ്ണിനടിയില്‍പ്പെടുകയും ചെയ്തു. മണ്ണിടിഞ്ഞുവീണ് ബസ് തകര്‍ന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
നിര്‍മാണ സ്ഥലത്ത് അശാസ്ത്രീയമായി വലിയ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചു. ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
അശാസ്ത്രീയമായി മണ്ണ് സംഭരിച്ചതാണ് അപകടകാരണമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ദുരന്തത്തില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ എല്ലാ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കരാറുകാരായ കൊങ്കണ്‍ റെയില്‍വേയ്‌ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ലയും വ്യക്തമാക്കി. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കൊങ്കണ്‍ റെയില്‍വേക്കാണെന്നും മന്ത്രി ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.















