‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ദേശീയ ടീമില്‍ നിന്ന് വീണ്ടും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. തന്റെ യൂട്യൂബ് ഷോയില്‍ സഞ്ജു സാംസണായി അഭിനയിച്ചുകൊണ്ട് സെലക്ഷന്‍ നയത്തെ അശ്വിന്‍ രൂക്ഷമായി പരിഹസിച്ചു.

ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനൊപ്പമായിരുന്നു അശ്വിന്റെ മോക്ക് റോള്‍പ്ലേ. വിമല്‍ കുമാര്‍ സെലക്ടറുടെ വേഷത്തിലെത്തിയപ്പോള്‍, സഞ്ജു സാംസണായാണ് അശ്വിന്‍ അഭിനയിച്ചത്. തമാശയുടെ രൂപത്തില്‍ തുടങ്ങിയ സംഭാഷണം ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ രീതിക്കെതിരായ കടുത്ത വിമര്‍ശനമായി മാറുകയായിരുന്നു.

വീഡിയോയില്‍ സെലക്ടര്‍ പറയുന്നത് ഇങ്ങനെ: ‘നീ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിന്നെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പക്ഷേ, ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിനക്കും അറിയാമല്ലോ.’

അതിന് സഞ്ജുവിന്റെ ശൈലിയില്‍ അശ്വിന്റെ മറുപടി: ‘എനിക്ക് വിശ്രമം വേണ്ട. വേണമെങ്കില്‍ അമ്മയെയും അച്ഛനെയും ഭാര്യയെയും കൂട്ടി ഞാന്‍ സിംബാബ്വെയിലേക്ക് വരാം. എനിക്ക് അവിടെ കളിക്കണം. ഞാന്‍ ഇതുവരെ ബുലവായോയില്‍ പോയിട്ടില്ല. 1999 ലോകകപ്പില്‍ സിംബാബ്വെ ഇന്ത്യയെ തോല്‍പ്പിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന് പ്രതികാരം ചെയ്യണം. ദയവായി എന്നെ ടീമില്‍ ഉള്‍പ്പെടുത്തൂ.’

ഈ രംഗം പുറത്തുവന്നതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെതിരായ ആരാധകരുടെ വികാരമാണ് അശ്വിന്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍, സ്ഥിരം ടീമിന് പുറത്താകുന്ന താരമെന്ന നിലയില്‍ സഞ്ജുവിന്റെ പേരാണ് കൂടുതല്‍ ചര്‍ച്ചയായത്. ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെയും അവസരം ലഭിക്കാതിരുന്നത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടയിലും സഞ്ജുവിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സ്റ്റേഡിയങ്ങളിലടക്കം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റിലോ സെലക്ഷന്‍ സമിതിയിലോ നിന്ന് ഇതുവരെ അനുകൂല സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെയാണ് അശ്വിന്റെ ഈ പരിഹാസ വീഡിയോ വീണ്ടും സഞ്ജുവിന്റെ ടീമിലെ സ്ഥാനം ദേശീയ ചര്‍ച്ചയാക്കി മാറ്റിയത്.

Share