ഫ്രഞ്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കുറിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ യൂത്ത് ദേശീയ ടീമിന്റെ പരിശീലകന്‍ ഡീഗോ ഗുവാച്ചിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും, ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്നതായി ആരോപിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകളും വിശദീകരിക്കുന്നു.
മൊളിനയുടെ റിപ്പോര്‍ട്ട് പ്രകാരം, അര്‍ജന്റീനയുടെ വനിതാ അണ്ടര്‍-16, അണ്ടര്‍-17 ടീമുകളുടെ പരിശീലകനായിരുന്ന ഡീഗോ ഗുവാച്ചി വര്‍ഷങ്ങളോളം യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം. സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ എഎഫ്എയ്‌ക്ക് അറിയാമായിരുന്നുവെങ്കിലും സംഘടന നടപടിയെടുത്തില്ലെന്നാണ് ആരോപണം.
തുടര്‍ന്ന്, ബാധിതര്‍ അവരുടെ യൂണിയന്‍ വഴി ഫിഫയുടെ എത്തിക്സ് കമ്മിറ്റിയെ സമീപിച്ച് രഹസ്യപരിരക്ഷ ആവശ്യപ്പെട്ടെങ്കിലും, ‘മതിയായ തെളിവില്ല’ എന്ന കാരണത്താല്‍ കേസ് തള്ളിയതായും, പരാതിക്കാരുടെ പേരുകള്‍ പുറത്തായതോടെ അവരുടെ കരിയറുകള്‍ക്ക് തിരിച്ചടിയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ പരിശീലകനെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും റിപ്പോര്‍ട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നു. 2022 ലോകകപ്പ് വിജയത്തിന് ഒമ്പത് ദിവസം മുന്‍പ്, എഎഫ്എയുടെ അന്താരാഷ്‌ട്ര വാണിജ്യാവകാശങ്ങള്‍ മിയാമി ആസ്ഥാനമായ ടൂര്‍ പ്രെന്റര്‍ എന്ന കമ്പനിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഫുട്‌ബോള്‍ രംഗത്ത് മുന്‍പരിചയമില്ലാത്ത ഒരാളുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ഈ കമ്പനി രൂപീകരിച്ചതെന്നും, ദേശീയ ടീമിന്റെ വരുമാനത്തില്‍ നിന്ന് 30 ശതമാനം കമ്മീഷന്‍ ഈ കമ്പനിക്ക് അനുവദിച്ചതായും ആരോപിക്കുന്നു.
ലോകകപ്പ് വിജയത്തിനുള്ള ഫിഫ സമ്മാനത്തുകയും, കോപ അമേരിക്കയുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വരുമാനവും, സ്‌പോണ്‍സര്‍ഷിപ്പ് തുകയും നേരിട്ട് എഎഫ്എയുടെ അക്കൗണ്ടിലേക്കല്ല, മറിച്ച് ടൂര്‍ പ്രെന്ററിന്റെ അമേരിക്കന്‍ അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് ഈ തുക അമേരിക്കയിലെയും ഓഫ്ഷോര്‍ കേന്ദ്രങ്ങളിലെയും നിരവധി ഷെല്‍ കമ്പനികളിലേക്ക് മാറ്റിയതായും, ആഡംബര ബംഗ്ലാവുകള്‍, സ്വകാര്യ ജെറ്റുകള്‍, യാച്ചുകള്‍, ഇറ്റാലിയന്‍ ക്ലബ്ബായ പെറൂജിയയുടെ ഏറ്റെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചതായും ആരോപിക്കുന്നു.
ഇത്തരം ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരും വിവരദാതാക്കളും ഭീഷണിയും ഓണ്‍ലൈന്‍ ആക്രമണങ്ങളും നേരിടേണ്ടിവന്നതായും, ചിലരുടെ മത്സര അക്രഡിറ്റേഷനുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ക്ക് വ്യക്തിഗത സുരക്ഷയോടെയാണ് സഞ്ചരിക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.















