ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട് മർദിച്ച് കൈ ഒടിച്ചെന്ന പരാതിയിൽ കൽപ്പകഞ്ചേരിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വടകര സ്വദേശിയും കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്എസ് സ്കൂളിലെ ഗണിത അധ്യാപകനുമായ ബൽരാജിനെതിരെയാണ് സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. പരാതിയെ തുടർന്ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹോംവർക്ക് പൂർത്തിയാക്കാത്തതിന്റെ പേരിൽ അധ്യാപകൻ ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി. പരിക്കേറ്റ കൈ ഉപയോഗിച്ച് വീണ്ടും ബ്ലാക്ക്ബോർഡിൽ എഴുതാൻ നിർബന്ധിച്ചെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയതോടെയാണ് കേസിൽ നടപടി വേഗത്തിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റും അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

സംഭവം വിദ്യാഭ്യാസ മേഖലയിലും രക്ഷിതാക്കൾക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കെതിരായ ശാരീരിക ശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share