ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചു. എഞ്ചിനിൽ പക്ഷി ഇടിച്ചെങ്കിലും പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 236 പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, ഏകദേശം 500 അടി ഉയരത്തിൽ വച്ചാണ് പക്ഷി വിമാനത്തിന്റെ എഞ്ചിൻ ഭാഗത്ത് ഇടിച്ചത്. തുടർന്ന് വിമാനം വിശദമായ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാക്കി.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊടുവിൽ ചെന്നൈയിൽ നിന്ന് ലണ്ടനിലേക്കുള്ള മടക്ക സർവീസ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. യാത്രക്കാരെ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. പൂർണ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

Share