തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ആശങ്ക. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിലാണ് സംഭവം. റോഡ് നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ ഭൂഗര്‍ഭത്തിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈനില്‍ യന്ത്രം തട്ടിയാണ് അപകടമുണ്ടായത്.
വാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി. സമീപത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുകയും ചെയ്തു.
അഗ്‌നിശമനസേനയും ബന്ധപ്പെട്ട ഗ്യാസ് വിതരണ കമ്പനിയുടെ സാങ്കേതിക സംഘവും സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഗ്യാസ് എത്തിക്കുന്ന വാല്‍വുകള്‍ അടച്ചതോടെ ചോര്‍ച്ച നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ അപകടസാധ്യത ഒഴിവാക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും കേടുപാടുകള്‍ എത്രയും വേഗം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.