വാഷിങ്ടണ്‍: മലയാളക്കരയ്‌ക്കും ഇന്ത്യയ്‌ക്കും അഭിമാന നിമിഷമായി നാസയുടെ ബഹിരാകാശ സഞ്ചാരിയും പാതി മലയാളിയുമായ അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു. അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന സൊയൂസ് എംഎസ്-29 ദൗത്യം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനില്‍ മേനോന്റെ സഹയാത്രികര്‍. ഇന്ത്യന്‍ സമയം രാത്രി 11.26-ഓടെ സൊയൂസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുമെന്നും, 15-ാം തീയതി പുലര്‍ച്ചെ 1.30-ഓടെ മൂന്നംഗ സംഘം ഐഎസ്എസിലേക്ക് പ്രവേശിക്കുമെന്നുമാണ് നാസ അറിയിച്ചത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷന്‍-74 ദൗത്യത്തിന്റെ ഭാഗമായാണ് ഇവര്‍ എട്ട് മാസത്തോളം ഐഎസ്എസില്‍ കഴിയുക. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. മിനിയാപ്പൊളിസില്‍ ജനിച്ച അനില്‍ മേനോന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയിലും, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
അമേരിക്കന്‍ വ്യോമസേനയില്‍ കേണലായും സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദവും കരസ്ഥമാക്കി. നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായും, സ്പേസ്എക്സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഫ്‌ലൈറ്റ് സര്‍ജനായും പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ മേനോന്‍, ബഹിരാകാശ വൈദ്യശാസ്ത്രത്തില്‍ ഇരുപതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മികവുകളെ തുടര്‍ന്നാണ് നാസയുടെ 23-ാമത് ആസ്‌ട്രോനോട്ട് ഗ്രൂപ്പിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. സ്പേസ്എക്സിന്റെ ഇന്‍സ്പിരേഷന്‍4 ദൗത്യത്തില്‍ പങ്കെടുത്ത അവര്‍ പിന്നീട് നാസയുടെ 24-ാമത് ആസ്‌ട്രോനോട്ട് ഗ്രൂപ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഭാവിയില്‍ നാസയുടെ ആര്‍ട്ടെമിസ് ചന്ദ്രദൗത്യങ്ങളില്‍ ഇരുവരും പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും, അവരില്‍ ഒരാള്‍ ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ ദമ്പതികളില്‍ ഒരാളാകാനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍.















