ഭോപ്പാൽ: മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ആഴത്തിലുള്ളതാകാമെന്നതിന് ഹൃദയഭേദകമായ ഉദാഹരണമായി മാറുകയാണ് മധ്യപ്രദേശിലെ ബേതൂളിൽ നിന്നുള്ള സംഭവം. 15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ, ഉടമയുടെ അവസാന യാത്രയിലും ഒപ്പമുണ്ടായിരുന്നു. എന്നാൽ വിലാപയാത്രയ്‌ക്കിടെ കുഴഞ്ഞുവീണ് അതും മരിച്ചതാണ് നാട്ടുകാരെ കണ്ണീരിലാഴ്‌ത്തിയത്.
ബേതൂൾ സ്വദേശിയായ പ്രദീപ് ജെയിൻ (67) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് വികാരനിർഭരമായ സംഭവങ്ങൾക്ക് തുടക്കമായത്. പ്രദീപിന്റെ മരണവിവരം മനസ്സിലാക്കിയതുമുതൽ ‘ഡുഗ്ഗു’ എന്ന വളർത്തുനായ മൃതദേഹത്തിനരികിൽ നിന്ന് മാറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച നായ രാത്രി മുഴുവൻ ഉടമയുടെ അരികിൽ കിടന്നിരുന്നു.
പിന്നീട് വിലാപയാത്ര ആരംഭിച്ചപ്പോൾ മൃതദേഹവാഹനത്തെ പിന്തുടർന്ന് ഡുഗ്ഗുവും നടന്നു. ഏതാനും ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണ നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടമയുടെ വേർപാട് താങ്ങാനാകാതെയായിരിക്കാം നായയും ജീവൻവിട്ടതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
സംഭവം നാട്ടുകാരെ മാത്രമല്ല, സോഷ്യൽ മീഡിയയെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള വിശ്വസ്തമായ സ്നേഹബന്ധത്തിന്റെ അപൂർവ ഉദാഹരണമെന്നാണ് പലരും പ്രതികരിക്കുന്നത്.
ഉടമയുടെ സംസ്കാരം നടന്ന സ്ഥലത്തിന് സമീപം തന്നെ ഡുഗ്ഗുവിനെയും കുടുംബം ആദരപൂർവം സംസ്കരിച്ചു. സംഭവത്തിന്റെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.















