ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ വ്യാപാരക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികളുമായി രംഗത്ത്. ‘Seafarer-First’ എന്ന പ്രത്യേക സുരക്ഷാ നയത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ നേതൃത്വം നൽകിയ ഉന്നതതല യോഗം അംഗീകാരം നൽകി.
MT Al Bahiyah, MT Mombasa എന്നീ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആകെ 46 ജീവനക്കാരിൽ 30 പേർ ഇന്ത്യക്കാരായിരുന്നു. ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തപ്പോൾ, മറ്റൊരു കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യക്കാർക്കും പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യൻ നാവികരെയും റിയൽ ടൈമിൽ നിരീക്ഷിക്കാൻ പ്രത്യേക ഡാഷ്ബോർഡ് ഒരുക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന് കേന്ദ്രം നിർദേശം നൽകി. കപ്പലിന്റെ സ്ഥാനം, യാത്രാ വിവരങ്ങൾ, സുരക്ഷാ ഭീഷണി, ജീവനക്കാരുടെ ക്ഷേമം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ സംവിധാനത്തിലൂടെ നിരന്തരം വിലയിരുത്തും.
ആക്രമണത്തിൽപ്പെട്ട ഓരോ ഇന്ത്യൻ നാവികർക്കുമായി പ്രത്യേക ലെയ്സൺ ഓഫീസർമാരെ നിയമിക്കാനും കേന്ദ്രം തീരുമാനിച്ചു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടൽ, ചികിത്സാ വിവരങ്ങൾ, നാട്ടിലേക്കുള്ള മടക്കയാത്ര, നഷ്ടപരിഹാരം, ശമ്പള കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരുടെ ചുമതലയായിരിക്കും.
ഇതിനുപുറമെ, ഇന്ത്യൻ എംബസികളുമായി ചേർന്ന് സുരക്ഷാ വിവരങ്ങൾ ശേഖരിക്കാനും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ, വാട്സ്ആപ്പ് നമ്പർ, ഇ-മെയിൽ സഹായ സംവിധാനം എന്നിവയും സജ്ജമാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.













![Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)](https://janamtv.com/wp-content/uploads/2026/07/20260714466l_fna7lgi-120x86.webp)

