ന്യൂഡല്‍ഹി: രാജ്യത്തെ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്കായി 1.27 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏകദേശം 4 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയുടെ ആഭ്യന്തര ചിപ്പ് നിര്‍മാണ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ട പദ്ധതിയുടെ പുരോഗതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഐഎസ്എം 2.0യില്‍ സെമികണ്ടക്ടര്‍ നിര്‍മാണം, ചിപ്പ് പാക്കേജിങ്, പരിശോധന, ഡിസൈന്‍ നവീകരണം, ഗവേഷണ-വികസനം, നൈപുണ്യ വികസനം, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് പ്രധാന തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃത്രിമബുദ്ധി, ഇലക്ട്രിക് വാഹനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, പ്രതിരോധ മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ ചിപ്പ് നിര്‍മാണം രാജ്യത്തിനകത്ത് തന്നെ ഉറപ്പാക്കി, ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിലെ മുന്‍നിര സെമികണ്ടക്ടര്‍ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം സാങ്കേതിക സ്വാശ്രയത്വം ശക്തിപ്പെടുത്താനും ആഗോള സെമികണ്ടക്ടര്‍ മൂല്യശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് കൂടുതല്‍ ഉറപ്പിക്കാനും ഈ സംരംഭം നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകോത്തര ഇലക്ട്രോണിക്‌സ് നിര്‍മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തെ സുപ്രധാന നയതീരുമാനങ്ങളിലൊന്നായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.















