തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരെ പുനർനിയമിക്കുകയും നിരവധി ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കയർ വകുപ്പിന്റെ അധിക ചുമതലയും നൽകി. ആഭ്യന്തരവും കയർ വകുപ്പും മന്ത്രി രമേശ് ചെന്നിത്തലയുടെ കീഴിലുള്ള വകുപ്പുകളാണ്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതല നൽകി. ഡൽഹിയിലെ കേരള റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ സംസ്ഥാനാന്തര ജലവിഷയങ്ങളുടെ ചുമതലയും ഏൽപ്പിച്ചു.
എസ്. സുഹാസിന് ജലവിഭവ വകുപ്പിനൊപ്പം ഭവന വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയുടെയും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (KIIDC) മാനേജിങ് ഡയറക്ടറുടെയും അധിക ചുമതല നൽകി.
എൻ. പ്രശാന്ത് സ്പോർട്സ്, യുവജനകാര്യ, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല ഏറ്റെടുക്കും.
കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടറായ കെ. ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടറായും നിയമിതനായി. സഹകരണ രജിസ്ട്രാറുടെ അധിക ചുമതലയും അദ്ദേഹത്തിനാണ് നൽകിയിരിക്കുന്നത്. നിലവിലെ സഹകരണ രജിസ്ട്രാർ എസ്. പ്രേംകൃഷ്ണനെ ജലവിഭവ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
കൃഷി ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന് കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE)യുടെ അധിക ചുമതലയും നൽകി.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡി. ധർമലശ്രീയെ തദ്ദേശസ്വയംഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണർ കെ. ഹിമയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ലഭിച്ചു.
അതേസമയം, സുഫിയാൻ അഹമ്മദിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടറായ അപൂർവ ത്രിപാഠി ഇൻഫർമേഷൻ കേരള മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും.















