തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്‌ട്രീയ വിവാദം പുകയുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്‌ട്രീയ കൊടികളും ബാനറുകളും വെച്ചുള്ള പ്രവർത്തനങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും പറഞ്ഞു പുകമറ സൃഷ്ടിച്ച് പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. ആശുപത്രിക്ക് അകത്തെ അധികാരം മന്ത്രിക്കാണെന്നും അല്ലാതെ ഡിവൈഎഫ്ഐക്ക് (DYFI) അല്ലെന്നും അദ്ദേഹം പറഞ്ഞു . ഡിവൈഎഫ്ഐ, സേവാഭാരതി തുടങ്ങിയ സംഘടനകൾ ബാനറുകൾ സ്ഥാപിച്ച് നടത്തുന്ന ഭക്ഷണ വിതരണം പലപ്പോഴും ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതേത്തുടർന്നാണ് ഭക്ഷണ വിതരണത്തിൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കാൻ ‘കമ്മ്യൂണിറ്റി കിച്ചൻ’ (Community Kitchen) സംവിധാനം കൊണ്ടുവരാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത് എന്നാണ് മുരളീധരന്റെ വ്യാഖ്യാനം.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴയിൽ മാത്രം കൊണ്ടുവരാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയിലെ ആശുപത്രിയിൽ നിലവിലുള്ള ഭക്ഷണ വിതരണ രീതിക്കെതിരെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (HDS) അംഗങ്ങൾ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും, വിതരണ സമയത്ത് ഉണ്ടാകുന്ന അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ വഴി കൃത്യമായ മാനദണ്ഡങ്ങളോടെ ഭക്ഷണം എത്തിക്കാൻ വകുപ്പ് നീക്കം തുടങ്ങിയത് എന്നാണ് മുരളീധരൻ പറയുന്നത്.
എന്നാൽ പാവങ്ങളുടെ അന്നം മുടക്കുന്ന രീതിയിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വലിയ രീതിയിലുള്ള രാഷ്‌ട്രീയ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു. തങ്ങൾ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും, ആശുപത്രി പരിസരങ്ങളിലെ അനധികൃത ഭൂമി കയ്യേറ്റക്കാരെയും തട്ടുകടകളെയുമാണ് ഒഴിപ്പിച്ചതെന്നുമാണ് കെ. മുരളീധരൻ ജാമ്യമെടുക്കുന്നത്.
അതിനെ അന്നം മുടക്കലായി ചിലർ ചിത്രീകരിക്കുക്കുകയാണെന്നാണ് മന്ത്രിയുടെ വാദം. രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ ഒട്ടും എതിരല്ലെന്നും, എന്നാൽ അത് ആശുപത്രിയുടെ അച്ചടക്കത്തെയും രോഗികളുടെ സുരക്ഷയെയും ബാധിക്കാത്ത രീതിയിൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ നടപ്പിലാക്കൂ എന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം, സ്വന്തം പാർട്ടിക്ക് ഉള്ളിൽ നിന്നും പ്രതിപക്ഷത്തു നിന്നും പ്രതിഷേധം കനത്തതോടെ, രോഗികൾക്ക് ആഹാരം നൽകുന്നതിനെ സർക്കാർ തടയില്ലെന്ന് പറഞ്ഞു മന്ത്രിക്ക് പിന്നീട് മലക്കംമറിയേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആശുപത്രികൾക്കുള്ളിലെപൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന മുൻ നിലപാടിൽ തന്നെയാണ് ആരോഗ്യവകുപ്പ് ഇപ്പോഴും മുന്നോട്ട് പോകുന്നത്.















