‘നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്?’; സൽമാൻ ഖാന്റെ ചുട്ടമറുപടി
മുംബൈ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ രസകരമായ മറുപടിയുമായി നടൻ സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “ആപ് ലോഗോൻ കി തബിയത് കൈസി ഹേ?” (നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്?) എന്ന കുറിപ്പാണ് താരം പങ്കുവെച്ചത്.
തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന്റെ രസകരമായ പ്രതികരണം. പോസ്റ്റിന് താഴെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. നടി മാഹി വിജ് ചിരിക്കുന്ന ഇമോജികൾക്കൊപ്പം “Toooo goooodddddd” എന്നായിരുന്നു കമന്റ് ചെയ്തത്.
അടുത്തിടെ മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി (SRA) ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ സൽമാൻ ഖാന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ പരിപാടിയെക്കാൾ സൽമാന്റെ രൂപമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. താരം വളരെ ക്ഷീണിതനാണെന്നും ആരോഗ്യപ്രശ്നമുണ്ടോ എന്ന ആശങ്കയുമാണ് നിരവധി ആരാധകർ പങ്കുവെച്ചത്. “സൽമാൻ അസുഖബാധിതനായി തോന്നുന്നു”, “എന്റെ ഹീറോയ്‌ക്ക് പ്രായമാകുന്നു”, “ഭായിക്ക് എന്താണ് സംഭവിച്ചത്?” തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.















