ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്‌പെയിന്‍ നായകന്‍ റോഡ്രി സ്വന്തമാക്കി. ലോകകപ്പ് കിരീടത്തിലേക്ക് സ്‌പെയിനെ നയിച്ച പ്രകടനത്തിനാണ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഈ ബഹുമതി നേടിയത്. എന്നാല്‍ ലയണല്‍ മെസിക്ക് പകരം റോഡ്രിയെ തിരഞ്ഞെടുത്ത ഫിഫയുടെ തീരുമാനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്കും വിവാദത്തിനും വഴിവെച്ചു.
ന്യൂജേഴ്സിയില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0ന് കീഴടക്കിയാണ് സ്‌പെയിന്‍ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റിലെ പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങളിലും സ്‌പെയിന്‍ ആധിപത്യം സ്ഥാപിച്ചു. റോഡ്രി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍, ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ ഗോള്‍ഡന്‍ ഗ്ലൗവും, യുവ പ്രതിരോധ താരം പൗ കുബാര്‍സി മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി.
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയ്‌ക്ക് സില്‍വര്‍ ബോള്‍ ലഭിച്ചു. 39-ാം വയസിലും മെസി ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി അര്‍ജന്റീനയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിച്ചു. ടൂര്‍ണമെന്റില്‍ അഞ്ച് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മെസി സ്വന്തമാക്കി. എന്നിട്ടും ഗോള്‍ഡന്‍ ബോള്‍ ലഭിക്കാത്തത് ആരാധകരെ നിരാശരാക്കി. പുരസ്‌കാര പ്രഖ്യാപന വേളയില്‍ സ്റ്റേഡിയത്തില്‍ ‘മെസി… മെസി…’ എന്ന മുദ്രാവാക്യവും ഉയര്‍ന്നിരുന്നു.
അതേസമയം, ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ 10 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. എട്ട് ഗോളുകളുമായി മെസി രണ്ടാം സ്ഥാനത്തായതിനാല്‍ സില്‍വര്‍ ബൂട്ടും അദ്ദേഹത്തിനാണ് ലഭിച്ചത്. റോഡ്രിയുടെ നേട്ടത്തിന് പിന്നില്‍ ഗോളുകളേക്കാള്‍ സ്‌പെയിന്റെ കളിയുടെ താളം നിയന്ത്രിച്ച മിഡ്ഫീല്‍ഡ് മികവാണ് നിര്‍ണായകമായത്. എട്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയ റോഡ്രി പന്തടക്കത്തിലും കളി നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചതാണ് ഫിഫയുടെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് വിലയിരുത്തിയത്.
എന്നാല്‍ മെസിയുടെ വ്യക്തിഗത മികവും മത്സരങ്ങളെ സ്വാധീനിച്ച പ്രകടനങ്ങളും പരിഗണിച്ചാല്‍ ഗോള്‍ഡന്‍ ബോള്‍ അദ്ദേഹത്തിനായിരിക്കേണ്ടതായിരുന്നുവെന്നാണ് നിരവധി മുന്‍ താരങ്ങളുടെയും ആരാധകരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ലോകകപ്പ് അവസാനിച്ച ശേഷവും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഗോള്‍ഡന്‍ ബോള്‍ തിരഞ്ഞെടുപ്പാണ്.















