തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നവാസ് എന്നയാളാണ് മരിച്ചത്. അതേസമയം സംഘര്‍ഷത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ബാർ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വീഡിയോയിൽ, ബാറിലെത്തിയത് മദ്യപിക്കാനായിരുന്നുവെന്നും, നവാസ് എന്നയാൾ മുഖത്തടിച്ചതിനെ തുടർന്നാണ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി എത്തി തീകൊളുത്തിയതെന്നും അനീഷ് പറയുന്നതായി കേൾക്കാം.
“ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്. അപ്പോൾ അവൻ എന്നെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്തു. ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി. അവൻ ഓടി രക്ഷപ്പെട്ടു. അവൻ കത്തിയോ എന്ന് എനിക്കറിയില്ല. അതിന് മുമ്പേ ഞാൻ വീണു” – വീഡിയോയിൽ അനീഷ് പറയുന്നതായി കേൾക്കുന്നു. ഒരു പ്രാദേശിക ഓൺലൈൻ മാധ്യമമാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
സംഭവം ഇങ്ങനെ ……ഇന്നലെ രാത്രി 9.30ഓടെയാണ് വെമ്പായത്തെ ശ്രീവത്സം ബാറിൽ സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെ അനീഷും നവാസ് എന്നയാളും തമ്മിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. ഇതിൽ പ്രകോപിതനായ അനീഷ് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങി തിരിച്ചെത്തി തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തീപിടിത്തത്തെ തുടർന്ന് അനീഷ് തന്നെ തീഗോളമായി പുറത്തേക്ക് ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിൽ അനീഷിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ അടക്കം അഞ്ചുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ മൊഴി ഇന്നലെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച വെഞ്ഞാറമൂട് പൊലീസ് അനീഷിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.















