തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അച്ചടിച്ച ശേഷം മുക്കിയ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടോടെയുള്ള ലേഖനം ഫേസ്ബുക്കിൽ. ലേഖനം എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് തന്നെയാണ് അതിന്റെ പൂർണരൂപം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതോടെ, “അങ്ങനെയൊരു ലേഖനം ഉണ്ടായിരുന്നില്ല” എന്ന തരത്തിൽ സിപിഎം നേതാക്കൾ, പ്രത്യേകിച്ച് എം. സ്വരാജ് ഉൾപ്പെടെ ഉന്നയിച്ച വാദങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. “ലേഖനം ഇല്ല” എന്ന അവകാശവാദത്തിന് മറുപടിയായാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ ചർച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന തരത്തിലുള്ള തലക്കെട്ട് പാർട്ടി പത്രത്തിൽ വന്നത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതേ ദിവസം തന്നെയായായിരുന്നു വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകരൻ ഉൾപ്പടെയുള്ളവർ എഴുതിയ ഓർമകുറിപ്പുകളോടെയാണ് ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറിയും ഉണ്ടായിരുന്നത്. എന്നാൽ കള്ളൻ വിജയൻ എന്ന ലേഖനത്തെ തുടർന്ന് അന്നേ ദിവസം വാര്യാന്തപ്പതിപ്പ് ഇല്ലാതെയാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. വിമർശനവും ചർച്ചയും ശക്തമായതോടെ കഴിഞ്ഞ ദിവസം കള്ളൻ വിജയൻ ലേഖനം ഒഴിവാക്കി വാര്യാന്തപ്പതിപ്പ് വിതരണം ചെയ്തിരുന്നു.
ഇതിനിടെ, ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ എഡിറ്ററായ കെ.ആർ. അജയന്റെ ഓഫീസുമുറി പൂട്ടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഓഫിസിലെത്തിയ അജയനെ അകത്ത് പ്രവേശിപ്പിച്ചില്ല. കൂടാതെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട് വിശദീകരണവും തേടിയിട്ടുണ്ട്.
ടി. സി രാജേഷിന്റെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചയായി. “ലേഖനം മുക്കിയാലും സ്ക്രീൻഷോട്ട് മുക്കാനാകുമോ?”, “പത്രത്തിൽ നിന്ന് മായ്ച്ചാലും ഫേസ്ബുക്ക് ഓർമ്മയിൽ നിന്ന് മായില്ല”, “ലേഖനം ഇല്ലെന്ന് പറഞ്ഞവർക്ക് ഇപ്പോൾ എന്ത് മറുപടി?” തുടങ്ങിയ പരിഹാസ കമന്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിലർ “ദേശാഭിമാനി മുക്കിയത്, ഫേസ്ബുക്ക് പൊക്കി” എന്ന രീതിയിലും പ്രതികരിച്ചു.
ഒരു ലേഖനത്തിന്റെ തലക്കെട്ട് പാർട്ടി മുഖപത്രത്തിനുള്ളിൽ തന്നെ ഇത്രയും വലിയ വിവാദത്തിനും തുടർനടപടികൾക്കും കാരണമായത് സിപിഎമ്മിന്റെ ആഭ്യന്തര ചർച്ചകൾക്കും പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.















