കൊച്ചി: ഭക്ഷണത്തിന്റെ രുചിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ഷെഫിനെ കത്തികൊണ്ട് വെട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അങ്കമാലിയിലെ മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് പരിക്കേറ്റത്. ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസിനെതിരെയാണ് പരാതി.
പോലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ഉടമ ഭക്ഷണം കഴിക്കുന്നതിനിടെ വിളമ്പിയ മീന്‍ ഫ്രൈയുടെ ഗുണനിലവാരത്തെക്കുറിച്ചും ഉപ്പിന്റെ അളവിനെക്കുറിച്ചും ഷെഫിനോട് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. ഹോട്ടലിലെ ഫ്രീസര്‍ തകരാറിലാണെന്നും അത് ഇതുവരെ നന്നാക്കിയിട്ടില്ലെന്നുമാണ് ഷെഫ് മറുപടി നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.
വാക്കുതര്‍ക്കം രൂക്ഷമായതോടെ ഷെഫ് അടുക്കളയിലേക്ക് പോയെന്നും പിന്നാലെ എത്തിയ ഉടമ അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് പരാതി. ആക്രമണത്തില്‍ റിയാസിന്റെ കൈയ്‌ക്ക് മുറിവേറ്റു. ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിച്ച ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാകും തുടര്‍നടപടികളെന്ന് പോലീസ് അറിയിച്ചു.















