സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ എംബിബിഎസ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ എബലിനെയാണ് പിടികൂടിയത്.

സംഭവത്തിൽ പൊലീസ് മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതൽ വിദ്യാർത്ഥികളുടെ പരാതികൾ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അവർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകളോളം കാത്തിരുത്തിയെന്നും, മൊഴിയെടുക്കുന്നതിൽ പൊലീസ് വിമുഖത കാണിച്ചെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

നിലവിൽ എട്ട് വിദ്യാർത്ഥികളാണ് സമാന പരാതികളുമായി മുന്നോട്ടുവന്നിട്ടുള്ളത്. എല്ലാവരുടെയും പരാതിയിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ, ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഭവമായതിനാൽ ഒന്നിലധികം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

Share