ലണ്ടന്‍: 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓവല്‍ സ്റ്റേഡിയം വേദിയാകും. 2027 ജൂണ്‍ 9 മുതല്‍ 13 വരെയാണ് കിരീടപ്പോരാട്ടം നടക്കുക. അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇംഗ്ലണ്ട് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു.
ഓരോ ഫൈനലിന്റെയും വേദി തിരഞ്ഞെടുക്കാനുള്ള ചുമതല ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനാണ്. ഇതുവരെ നടന്ന മൂന്ന് ഡബ്ല്യുടിസി ഫൈനലുകളും ഇംഗ്ലണ്ടിലാണ് നടന്നത്. ഓവല്‍ രണ്ടാം തവണയാണ് ടെസ്റ്റ് ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. 2023ല്‍ ഇതേ വേദിയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു.
2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പോരാട്ടം ആവേശകരമായി തുടരുകയാണ്. കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും വിജയിച്ച ഓസ്‌ട്രേലിയ 87.50 പോയിന്റ് ശതമാനവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ന്യൂസീലന്‍ഡും ബംഗ്ലാദേശും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.
ഒന്‍പത് ടെസ്റ്റുകളില്‍ നാല് വിജയങ്ങളുമായി 48.15 പോയിന്റ് ശതമാനം നേടിയ ഇന്ത്യ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനമായിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ നിര്‍ണയിക്കുക.















