ടോക്കിയോ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിലെ ടി20 ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കിരീടം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്. വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും പുരുഷ വിഭാഗം മത്സരങ്ങള്‍ സെപ്റ്റംബര്‍ 24-നും ആരംഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ നാലാം തവണയാണ് ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുന്നത്.
പുരുഷ വിഭാഗത്തില്‍ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിച്ചു. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഹോങ്കോങ് ചൈന, മലേഷ്യ, ഒമാന്‍ ടീമുകളും ഏറ്റുമുട്ടും. ഈ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തി മുന്‍നിര ടീമുകളെ നേരിടും.
ടൂര്‍ണമെന്റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം നടന്നാല്‍ അത് സെമിഫൈനലിലോ ഫൈനലിലോ മാത്രമായിരിക്കും. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ആതിഥേയരായ ജപ്പാനാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ മറികടന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിഫൈനലിലെത്തും. ബംഗ്ലാദേശും ചൈനയും ഉള്‍പ്പെടുന്ന പൂളിലെ വിജയിയാകും ഇന്ത്യയുടെ സാധ്യതയുള്ള സെമി എതിരാളി.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക മലേഷ്യയെയും പാകിസ്ഥാന്‍ തായ്ലന്‍ഡിനെയും നേരിടും. ഈ മത്സരങ്ങളിലെ വിജയികളാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക. വനിതാ വിഭാഗത്തിലും ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം നടന്നാല്‍ അത് ഫൈനലില്‍ മാത്രമായിരിക്കും. പുരുഷ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. യുവതാരം വൈഭവ് സൂര്യവംശി ഉള്‍പ്പെടുന്ന 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാനയും നയിക്കും.