ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ടീം ജിംനാസ്റ്റിക്സ് ഫൈനലിനിടെ ഇംഗ്ലണ്ട് താരമായ ഗബ്രിയേല്‍ ലാങ്ടണിന് അപകടം. ഹൊറിസോണ്ടല്‍ ബാറില്‍ പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട താരം തലകീഴായി നിലത്തുവീണു. അപകടം സംഭവിച്ചതോടെ മത്സരം ഏറെ നേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അവസാന റൊട്ടേഷനിലായിരുന്നു അപകടം. ബാറിലെ പിടി നഷ്ടമായ ലാങ്ടണ്‍ അതിവേഗത്തില്‍ തലഭാഗം നിലത്തിടിച്ച് വീഴുകയായിരുന്നു. വീണതിന് പിന്നാലെ സ്വയം എഴുന്നേല്‍ക്കാന്‍ താരത്തിന് സാധിച്ചില്ല.
ഉടന്‍ മെഡിക്കല്‍ സംഘം ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. തലയും കഴുത്തും പ്രത്യേക സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉറപ്പിച്ചശേഷമാണ് സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നവരെ ഒരുപോലെ ഞെട്ടിച്ചു. മറ്റ് ജിംനാസ്റ്റുകളും സംഭവത്തില്‍ നടുങ്ങിയ നിലയിലായിരുന്നു. മെഡിക്കല്‍ സംഘം ചികിത്സ തുടരുന്നതിനിടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
🚨NEWS: English gymnast Gabriel Langton has been rushed to hospital after suffering a major fall during the Commonwealth Games pic.twitter.com/bXsMusO5fF
— Basil the Great (@BasilTheGreat) July 25, 2026
പരിക്കേറ്റ ആറുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ മാക്‌സ് വിറ്റ്ലോക്കിന് പകരമായാണ് 19കാരനായ ലാങ്ടണ്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയത്. തുടര്‍ച്ചയായ നാലാം കോമണ്‍വെല്‍ത്ത് ടീം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് നിര്‍ണായക ഘട്ടത്തിലാണ് ഈ തിരിച്ചടി നേരിടേണ്ടിവന്നത്. ലാങ്ടണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് മത്സരം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ ഇംഗ്ലണ്ട് വെള്ളിയും ഓസ്ട്രേലിയ വെങ്കലവും സ്വന്തമാക്കി.
എന്നാല്‍ മെഡല്‍ നേട്ടത്തേക്കാള്‍ ലാങ്ടണിന്റെ ആരോഗ്യനിലയായിരുന്നു ടീമംഗങ്ങളുടെയും ആരാധകരുടെയും പ്രധാന ആശങ്ക. മത്സരശേഷം ഇംഗ്ലണ്ട് താരം ലൂക്ക് വൈറ്റ്ഹൗസ്, ‘ലാങ്ടണ്‍ സുഖമായിരിക്കുന്നുവെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ജിംനാസ്റ്റിക്‌സ് എത്ര അപകടകരമായ കായിക ഇനമാണെന്ന് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു,’ എന്ന് പ്രതികരിച്ചു. തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍, ആശുപത്രിയിലെ പരിശോധനകള്‍ക്കിടെ ലാങ്ടണ്‍ ബോധവാനായിരുന്നുവെന്നും ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നുവെന്നും ടീം ഇംഗ്ലണ്ട് അറിയിച്ചു.
പിന്നീട് ബ്രിട്ടീഷ് ജിംനാസ്റ്റിക്‌സ് പുറത്തുവിട്ട വിവരമനുസരിച്ച് വിവിധ സ്‌കാനുകളുടെ ഫലം ആശ്വാസകരമായിരുന്നു. ഗുരുതര പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ ലാങ്ടണെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ടീം മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹം ടീം ഹോട്ടലിലേക്ക് മടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വെള്ളി മെഡല്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ലാങ്ടണ്‍ പങ്കെടുത്തില്ലെങ്കിലും, ടീമിനൊപ്പം വീണ്ടും ചേരുമെന്ന് ഇംഗ്ലണ്ട് സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു.















