മലപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞുവീണത്.
ദേവസ്വം ബോർഡ് പരീക്ഷ എഴുതാൻ സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു വൈഷ്ണവിന് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ചികിത്സയിലാണ്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ചേർന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ചിലരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടക്കലിലേക്ക് മാറ്റിയിട്ടുണ്ട്. അമിതവേഗവും മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതുമാകാം അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികളുടെയും നാട്ടുകാരുടെയും പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















