കാഠ്മണ്ഡു: നേപ്പാളിലെ സുൻസരി ജില്ലയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഉണ്ടായ വർഗീയ സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു.
കോശി പ്രവിശ്യയിലെ ദേവ്ഗഞ്ജ് നഗരസഭയിലെ കപ്താൻഗഞ്ച് മേഖലയിലാണ് സംഘർഷമുണ്ടായത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതും മതപരമായ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷത്തിനിടെ പ്രതിഷേധക്കാർ വീടുകൾ, ആശുപത്രികൾ, വാഹനങ്ങൾ, തുടങ്ങി മറ്റ് പൊതുമുതലുകളും സ്വകാര്യ സ്വത്തുക്കളും ആക്രമിക്കുകയും തീയിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലീസ് ആദ്യം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് മുന്നറിയിപ്പ് വെടിയുതിർക്കുകയും ചെയ്തു. അക്രമം തുടരുന്നതിനിടെ നടത്തിയ വെടിവെപ്പിലാണ് ഓം പ്രകാശ് മേത്ത (24) കൊല്ലപ്പെട്ടത്.
സ്ഥിതി അതീവ സംഘർഷഭരിതമായ സാഹചര്യത്തിൽ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ നാലിലധികം പേർ കൂട്ടംചേരുന്നതും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും ധർണകളും നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.















