ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ പാകിസ്ഥാന്‍ താരത്തെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യയുടെ ജാദുമണി സിങ് മന്ദെങ്ബാം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ പാകിസ്ഥാന്റെ സുമാമ റഹ്‌മാനെ 5-0 എന്ന ഏകകണ്ഠ വിധിയിലാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. കാര്‍ഗില്‍ വിജയ് ദിനത്തില്‍ നേടിയ ഈ വിജയം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിച്ചതോടെ ജാദുമണിയുടെ പ്രകടനം കൂടുതല്‍ ശ്രദ്ധേയമായി.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണാത്മക ശൈലിയിലാണ് ജാദുമണി പോരാടിയത്. അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനാണ് അനുകൂലമായി വിധി പറഞ്ഞത്. പാക് താരത്തിന് ഒരവസരവും നല്‍കാതെയാണ് ജാദുമണി ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. മത്സരശേഷം പ്രതികരിച്ച ജാദുമണി, ‘ഈ വിജയം ഞാന്‍ കാര്‍ഗില്‍ വീരസൈനികര്‍ക്ക് സമര്‍പ്പിക്കുന്നു. പാകിസ്ഥാനെതിരെ വിജയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിലും ഇതിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയ്‌ക്ക് മെഡല്‍ നേടിക്കൊടുക്കാനാണ് ലക്ഷ്യം,’ എന്ന് പറഞ്ഞു.
1999-ലെ കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ സൈനികരുടെ വീരത്യാഗത്തെ അനുസ്മരിക്കുന്ന 27-ാം കാര്‍ഗില്‍ വിജയ് ദിനത്തിലാണ് ജാദുമണി പാക് താരത്തെ തോല്‍പ്പിച്ചത് എന്നതും വിജയത്തിന് പ്രത്യേക മാനം നല്‍കി. ആദ്യ റൗണ്ടില്‍ സ്‌കോട്ലന്‍ഡിന്റെ ആരോണ്‍ കല്ലനെതിരെയും ജാദുമണി 5-0ന്റെ മിന്നും ജയം നേടിയിരുന്നു. ഇനി ക്വാര്‍ട്ടര്‍ ഫൈനലിലും വിജയിച്ചാല്‍ സെമി ഉറപ്പാക്കുന്നതിനൊപ്പം മെഡലും ഉറപ്പിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ സെമിയിലെത്തുന്ന എല്ലാ താരങ്ങള്‍ക്കും കുറഞ്ഞത് വെങ്കല മെഡല്‍ ലഭിക്കും.















