ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ പോകുന്ന ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത. ഇന്ത്യയിൽ നിന്നുള്ളവർക്ക് 25,000 രൂപ വരെയുള്ള ഇന്ത്യൻ കറൻസി കൂടെ കൊണ്ടുപോകാൻ നേപ്പാൾ സർക്കാർ അനുമതി നൽകി.
നേപ്പാൾ റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരമാണ് തീരുമാനം. 200, 500 മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് മാത്രമാണ് നിലവിൽ അനുമതി ബാധകമാകുക. 2016 നവംബർ 9-ന് ശേഷം പുറത്തിറക്കിയ നോട്ടുകൾ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ഇന്ത്യൻ പൗരന്മാർക്കും നേപ്പാൾ പൗരന്മാർക്കും ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കും പരമാവധി 25,000 വരെ ഇന്ത്യൻ കറൻസി കൈവശം വയ്‌ക്കാം.
ഇന്ത്യ-നേപ്പാൾ യാത്രയ്‌ക്ക് മാത്രം അനുമതി
ഇന്ത്യൻ കറൻസിയുടെ നീക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള യാത്രകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നേപ്പാൾ റിസർവ് ബാങ്ക് വ്യക്തമാക്കി. മൂന്നാമത്തെ ഒരു രാജ്യത്തുനിന്ന് ഇന്ത്യൻ കറൻസി നേപ്പാളിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. അതുപോലെ നേപ്പാളിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് ഇന്ത്യൻ കറൻസി കൊണ്ടുപോകാനും അനുമതിയില്ല.
നേപ്പാൾ ടൂറിസത്തിന് നേട്ടം
ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദബന്ധത്തിനും വ്യാപാര-വിനോദസഞ്ചാര മേഖലയ്‌ക്കും പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തുറന്ന അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിവർഷം നിരവധി ഇന്ത്യക്കാരാണ് നേപ്പാൾ സന്ദർശിക്കുന്നത്.
അതേസമയം, നിരവധി നേപ്പാൾ പൗരന്മാർ ഇന്ത്യയിൽ ജോലി ചെയ്യുകയും പഠിക്കുകയും വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ തീരുമാനം യാത്രക്കാർക്കും വ്യാപാരികൾക്കും പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.
നേപ്പാൾ ഗസറ്റിൽ ഫെബ്രുവരി 11-ന് പ്രസിദ്ധീകരിച്ച ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. നിലവിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായാണ് വീണ്ടും വിശദീകരണം നൽകിയതെന്നും നേപ്പാൾ റിസർവ് ബാങ്ക് വ്യക്തമാക്കി.















