വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ 58 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെങ്കല മെഡല്‍ സ്വന്തമാക്കി. 55 കിലോ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന ഭാരവിഭാഗത്തിലേക്ക് മാറിയ ശേഷമുള്ള ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മണിപ്പൂര്‍ സ്വദേശിനി വീണ്ടും പോഡിയം കയറുന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ബിന്ദ്യാറാണി സ്വന്തമാക്കി.

സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 112 കിലോയും ഉയര്‍ത്തിയ ബിന്ദ്യാറാണി ആകെ 199 കിലോ ഭാരമാണ് ഉയര്‍ത്തിയത്. നൈജീരിയയുടെ റഫിയാതു ഫൊലഷാദെ ലവാല്‍ 229 കിലോ (103+126) ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കാനഡയുടെ ആന്‍-സോഫി ടാഷറോ 215 കിലോയുമായി വെള്ളി കരസ്ഥമാക്കി. സ്‌നാച്ചില്‍ 83, 85, 87 കിലോ ഉയര്‍ത്തിയ ബിന്ദ്യാറാണി നാലാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന് ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമമായ 110 കിലോ വിജയകരമെന്ന് വിധിച്ചെങ്കിലും കൈ വളച്ചതിനാല്‍ റിവ്യൂവില്‍ അത് അസാധുവായി.

എന്നാല്‍ സമ്മര്‍ദ്ദം അതിജീവിച്ച് രണ്ടാം ശ്രമത്തില്‍ 112 കിലോ വിജയകരമായി ഉയര്‍ത്തി മെഡല്‍ ഉറപ്പിച്ചു. അവസാന രണ്ട് ശ്രമങ്ങളില്‍ 116 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 55 കിലോ വിഭാഗത്തില്‍ വെള്ളി നേടിയ ബിന്ദ്യാറാണി അന്ന് 116 കിലോ ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലൂടെ ഗെയിംസ് റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു. ഈ തവണ ഉയര്‍ന്ന ഭാരവിഭാഗത്തിലും മെഡല്‍ നേടിയാണ് താരം തന്റെ സ്ഥിരത വീണ്ടും തെളിയിച്ചത്.

1999 ജനുവരി 27-ന് മണിപ്പൂരിലെ ഇംഫാലില്‍ ജനിച്ച ബിന്ദ്യാറാണി ആദ്യം തായ്ക്വാണ്ടോ താരമായിരുന്നു. 2013-ലാണ് ഭാരോദ്വഹനത്തിലേക്ക് മാറിയത്. 2019-ലെ കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരം 2021-ല്‍ ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ സ്വര്‍ണവും സ്വന്തമാക്കി. 2023-ല്‍ രണ്ട് കാല്‍മുട്ടുകളിലുണ്ടായ പരിക്കുകള്‍ കരിയറിന് തിരിച്ചടിയായെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

2025-ലെ ദേശീയ ഗെയിംസില്‍ മിറാബായ് ചാനുവിന്റെ ദേശീയ സ്‌നാച്ച് റെക്കോര്‍ഡ് മറികടന്ന ബിന്ദ്യാറാണി പിന്നീട് അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ഗ്ലാസ്ഗോ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ഉറപ്പിക്കുകയായിരുന്നു. ബിന്ദ്യാറാണിയുടെ വെങ്കലത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. മിറാബായ് ചാനു സ്വര്‍ണവും റിഷികാന്ത സിങ്, മുത്തുപാണ്ടി രാജ, ജ്ഞാനേശ്വരി യാദവ് എന്നിവര്‍ വെള്ളിയും നേടിയിരുന്നു.

Share