ആലുവ: മലയാള ഭാഷയുടെ തനത് സംഖ്യാലിപിയുടെ പ്രചാരത്തിനും കേരളീയ സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനുമായി ബാലഗോകുലം പുറത്തിറക്കുന്ന മലയാള പഞ്ചാംഗം ഈ വർഷവും ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. കഴിഞ്ഞ 29 വർഷമായി ബാലഗോകുലം പ്രസിദ്ധീകരിച്ചുവരുന്ന മലയാളം കലണ്ടർ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾക്കിടയിലും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ദൈനംദിന ഉപയോഗത്തിനായി സ്വീകരിച്ചിരിക്കുന്ന ഈ കലണ്ടർ, മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമ പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നതായി ബാലഗോകുലം പ്രവർത്തകർ അറിയിച്ചു.
മലയാള ഭാഷയിൽ കാലക്രമേണ ഉപയോഗത്തിൽനിന്ന് അപ്രത്യക്ഷമായ തനത് സംഖ്യാലിപികളെ വീണ്ടും പ്രയോഗക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1997 മുതൽ ബാലഗോകുലം മലയാളം കലണ്ടർ പ്രസിദ്ധീകരിച്ചുവരുന്നത്. പൂർണമായും മലയാളം അക്കങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കലണ്ടറിൽ ചിങ്ങം മുതൽ കർക്കടകം വരെയുള്ള മലയാള മാസങ്ങൾക്കനുസരിച്ച് കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുണ്ട്. റോമൻ അക്കങ്ങൾക്ക് പകരം പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മലയാളം അക്കങ്ങളാണ് കലണ്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ കലണ്ടറുകളിൽ ഉൾപ്പെടുത്തുന്ന ഇംഗ്ലീഷ് തീയതികൾ, വിശേഷദിനങ്ങൾ, പ്രധാന വിവരങ്ങൾ എന്നിവയും മലയാള പഞ്ചാംഗത്തിലുണ്ട്. ഓരോ മാസത്തിലെയും പ്രധാന വിശേഷദിനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയും കലണ്ടറിനെ കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവുമാക്കിയിട്ടുണ്ട്.
ഞാറ്റുവേലകളുമായി ബന്ധപ്പെട്ട കൃഷിരീതികൾ, നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ, കാർഷിക പഴഞ്ചൊല്ലുകൾ, കേരളത്തിന്റെ കാർഷിക–പാരിസ്ഥിതിക–സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പ്രതീകങ്ങൾ എന്നിവയും കലണ്ടറിന്റെ പ്രത്യേകതകളാണ്.
ഈ വർഷത്തെ മലയാള പഞ്ചാംഗം ആലുവയിൽ നടന്ന ദക്ഷിണ–ഉത്തര കേരള സംയുക്ത യോഗത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് എസ്. സുദർശൻ പ്രകാശനം ചെയ്തു. ബാലഗോകുലം മുൻ സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ, നിയുക്ത സംസ്ഥാന അധ്യക്ഷൻ കെ. എൻ. സജികുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മലയാള സംഖ്യാലിപിയുടെ പ്രചാരത്തിനും കേരളത്തനിമയുടെ വീണ്ടെടുപ്പിനുമായി പുറത്തിറക്കുന്ന പഞ്ചാംഗം മന്ത്രിമാർ, സാംസ്‌കാരിക നായകർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർക്കും ലഭ്യമാക്കും.















