ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു കുടുംബത്തിന് നേരെ ക്രൂരാക്രമണം. ഭോല ജില്ലയിലെ ലാൽമോഹൻ ഉപജില്ലയിൽ ഗോപാൽ കൃഷ്ണ ദാസിനും കുടുംബത്തിനും നേരയാണ് ആക്രമണം.
ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഗോപാൽ കൃഷ്ണ ദാസിന്റെ കുടുംബത്തിന് അനുകൂലമായി വിധി പറഞ്ഞിരുന്നെങ്കിലും, അത് അവഗണിച്ച് ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.
ഗോപാൽ കൃഷ്ണ ദാസിനെയും ഭാര്യ അഖി റാണി ദാസിനെയും മർദിച്ച സംഘം, ഇവരുടെ രണ്ട് പെൺമക്കളെയും ആക്രമിച്ചതായും കുടുംബത്തിലെ വയോധികനെ വെള്ളത്തിൽ മുക്കി പീഡിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അക്രമി സംഘം വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.
സംഭവത്തെ പ്രതിപക്ഷമായ ആവാമി ലീഗ് ശക്തമായി അപലപിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള സർക്കാരിന് മതന്യൂനപക്ഷങ്ങളെയും ഹിന്ദു കുടുംബങ്ങളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി ആരോപിച്ചു. രാഷ്‌ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുകയാണെന്നും ആവാമി ലീഗ് വിമർശിച്ചു. സംഭവത്തിൽ ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷവും ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷ സംഘടനകളും മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്.















