പാലക്കാട്: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മംഗലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആറു സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 77.57 മീറ്ററിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മഴയുടെ തീവ്രതയും ഡാമിലേക്കുള്ള നീരൊഴുക്കും വിലയിരുത്തി ആവശ്യമെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന് സമീപ പ്രദേശങ്ങളിലെയും താഴ്ന്ന മേഖലകളിലെയും ഭാരതപ്പുഴയുടെ കരയോരങ്ങളിലെയും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.















