കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ താമ്രപർണി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കാരോട് ചെങ്കവിള സ്വദേശി എസ്. അതുലിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം നദിയിൽ ഉപേക്ഷിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കേസിൽ പ്രതികളെ കണ്ടെത്തുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. സംഭവദിവസം അതുലിനൊപ്പം ഉണ്ടായിരുന്നവരെയും അദ്ദേഹത്തോടൊപ്പം മദ്യപിച്ച സംഘത്തെയുമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമാക്കിയത്.
മാർത്താണ്ഡത്തെ ഒരു ബാറിൽ നാല് പേർക്കൊപ്പം അതുൽ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനുള്ള നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
അതേസമയം, അരുമന പൊലീസ് സ്റ്റേഷൻ പരിധിയിൽ അതുൽ സഞ്ചരിച്ചിരുന്ന കാർ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയായിരുന്നു കാർ കണ്ടെത്തിയത്. വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. കാർ ഉപേക്ഷിച്ച ശേഷം നാലുപേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ കൈവശമുണ്ട്.
അതുലിന്റെ മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.