മൈസൂരു: സ്നാക്ക്സ് പാക്കറ്റിനുള്ളിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് സമ്മാനപ്പന്ത് വിഴുങ്ങിയ അഞ്ച് വയസുകാരന്‍ ദാരുണമായി മരിച്ചു. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ ഗൗരിപുര ഗ്രാമത്തില്‍ നടന്ന സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്‌ത്തി. ഗൗരിപുര സ്വദേശികളായ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏകമകനായ മുകുന്ദ് മയൂര്‍ (5) ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം, സ്നാക്ക്സ് പാക്കറ്റിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് അത് തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സമുണ്ടായതോടെയാണ് അപകടമുണ്ടായത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏകമകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബം കടുത്ത ദുഃഖത്തിലാണ്. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലും ദുഃഖാന്തരീക്ഷമാണ്.
സംഭവത്തില്‍ ഹുന്‍സൂര്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പന്ത് ഉള്‍പ്പെട്ട ഉല്‍പ്പന്നത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.