തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ യുവതി ക്ലോസറ്റിലിട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരി അബോർഷനുള്ള ഗുളിക കഴിച്ചശേഷം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ആറുമാസം ഗർഭിണിയായിരുന്ന യുവതി പിന്നീട് രക്തസ്രാവത്തെ തുടർന്ന് ശുചിമുറിയിലേക്ക് പോകുകയും അവിടെ പ്രസവിക്കുകയും ചെയ്തു. തുടർന്ന് നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ശുചിമുറിക്ക് സമീപം രക്തക്കറ കണ്ട ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയാസ്പദമായി നിന്നിരുന്ന യുവതിയെ ചോദ്യം ചെയ്തതിനു പിന്നാലെ ആശുപത്രി അധികൃതർ ഫയർഫോഴ്‌സിനെയും മെഡിക്കൽ കോളേജ് പൊലീസിനെയും വിവരം അറിയിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് നവജാത ശിശുവിനെ പുറത്തെടുത്തു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ആശുപത്രിയിലെത്തിയിരുന്നുവെന്നും സംഭവം പുറത്തറിഞ്ഞതോടെ അവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും പൊലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.















