ദുബായ്: ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡിയെ നിയമിച്ചു. യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സതീഷ് കുമാര്‍ ശിവന് പകരമായാണ് നിയമനം. തെലങ്കാനയില്‍ നിന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടവും ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡിക്കാണ്.
വറങ്കല്‍ സ്വദേശിയായ അദ്ദേഹം 2008-ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പൂര്‍വവിദ്യാര്‍ഥിയുമാണ്. തെലങ്കാന സര്‍ക്കാരില്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് എക്‌സ്റ്റേണല്‍ എന്‍ഗേജ്മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറിയായും ഹൈദരാബാദ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ഐക്യരാഷ്‌ട്രസഭ എന്നിവിടങ്ങളിലെ വിവിധ നയതന്ത്ര ചുമതലകളും വഹിച്ചിട്ടുണ്ട്.
ദുബായില്‍ ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മുംബൈയിലെ ഭാരത് ഡയമണ്ട് ബോഴ്‌സും ജെം ആന്‍ഡ് ജൂവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലും സന്ദര്‍ശിച്ച് വ്യവസായ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന മുന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും വിവിധ ഇന്ത്യന്‍ സംഘടനകളും റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും യാത്രയയപ്പ് നല്‍കി.