ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കടുത്ത സമ്മര്‍ദത്തില്‍. വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷനു പിന്നാലെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും ഇന്‍ഫാന്റിനോയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൂടുതല്‍ ദേശീയ അസോസിയേഷനുകള്‍ സമാന നിലപാട് സ്വീകരിച്ചാല്‍ ഫിഫയ്‌ക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബന്ധപ്പെടാന്‍ ഇന്‍ഫാന്റിനോ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി തകര്‍ന്നതിന് പിന്നാലെ ട്രംപുമായി പലതവണ ബന്ധപ്പെടാന്‍ ഇന്‍ഫാന്റിനോ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പരസ്യ പിന്തുണ ഉറപ്പാക്കാനും ഫിഫ പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാനുമായിരുന്നു ഈ ശ്രമമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ കൈകാര്യം ചെയ്യുന്ന ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് ഏകദേശം 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം എത്തിക്കാനായിരുന്നു ഇന്‍ഫാന്റിനോയുടെ പദ്ധതി. നിക്ഷേപകരെ കണ്ടെത്തുന്നതിനായി ധനകാര്യ സ്ഥാപനമായ ജെ.പി. മോര്‍ഗനെ ചുമതലപ്പെടുത്തിയിരുന്നു. ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറുടെ സഹോദരന്‍ ജോഷ്വ കുഷ്‌നറുടെ സ്ഥാപനമായ ത്രൈവ് എറ്റേണല്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ സാധ്യതാ നിക്ഷേപകരുടെ പട്ടികയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ യുവേഫ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ , കോണ്‍കകാഫ് എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഫെഡറേഷനുകള്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തു. ആകെ 143 അംഗ അസോസിയേഷനുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ ഇന്‍ഫാന്റിനോ പദ്ധതി പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഫിഫ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി യുവേഫയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്‍ഫാന്റിനോയ്‌ക്കെതിരെ ഉടന്‍ അവിശ്വാസ പ്രമേയം വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഫിഫ കൗണ്‍സിലിലെ 37 അംഗങ്ങളില്‍ 19 പേരുടെ പിന്തുണ ലഭിച്ചാലേ അവിശ്വാസ നടപടിക്ക് അനുമതി ലഭിക്കൂ. തുടര്‍ന്ന് ഫിഫയുടെ 211 അംഗരാജ്യങ്ങളില്‍ 106 പേരുടെ പിന്തുണയും ആവശ്യമാണ്.

യുവേഫ ഉള്‍പ്പെടെയുള്ള ചില കോണ്‍ഫെഡറേഷനുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആഫ്രിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നീ കോണ്‍ഫെഡറേഷനുകള്‍ ഇതുവരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടില്ല. നിരവധി അംഗരാജ്യങ്ങളുടെ പിന്തുണയും ലോക നേതാക്കളുമായുള്ള ബന്ധവും ഇന്‍ഫാന്റിനോയ്‌ക്ക് ഇപ്പോഴും കരുത്താകുന്ന ഘടകങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share