തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 5 (ബുധനാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു.
വയനാട്ടിൽ ശക്തമായ മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെങ്കിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെഡ് അലർട്ടുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും, വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. താമരശ്ശേരി ചുരം, ബോയ്സ് ടൗൺ–പാൽച്ചുരം വഴിയുള്ള യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പത്തനംതിട്ടയിലും ഇടുക്കിയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ സ്കൂളുകൾ, മദ്രസകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. മുഴുവൻ വിദ്യാർഥികളും താമസിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
കാസർകോട് ജില്ലയിൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകം. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഐ.എം.ഡിയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
ചെങ്ങന്നൂർ താലൂക്കിലെ പമ്പ, അച്ചൻകോവിലാർ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും, ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമെങ്കിൽ വൈകാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ അഭ്യർഥിച്ചു.