കൊച്ചി: പ്രമുഖ പേഴ്‌സണൽ കെയർ ബ്രാൻഡായ കുട്ടികൂറയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത നടി പ്രിയ വാര്യരോട് ഒരു യൂട്യൂബർ ചോദിച്ച ചോദ്യവും അതിന് നടി നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ബ്രാൻഡിന്റെ പ്രമോഷൻ പരിപാടിയിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ പ്രിയ വാര്യരോട്, “ഈ കാവി കളർ ഡ്രസ് തിരഞ്ഞെടുക്കാൻ കാരണം എന്താണ്?” എന്നായിരുന്നു ചോദ്യം. അതിന് അൽപം അത്ഭുതത്തോടെയും നിരുത്സാഹത്തോടെയും “എന്റെ പൊന്നു ചേട്ടാ…” എന്നായിരുന്നു പ്രിയയുടെ ആദ്യ പ്രതികരണം.
തുടർന്ന്, കുട്ടികൂറയുടെ ബോട്ടിലിന്റെ നിറത്തെക്കുറിച്ചും യൂട്യൂബർ ചോദിച്ചു. അതിന്, “അത് വർഷങ്ങളായി അങ്ങനെയല്ലേ” എന്ന് പ്രിയ മറുപടി നൽകി. തുടർന്ന്, “അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?” എന്ന ചോദ്യത്തിന് “ബ്രാൻഡിനോട് യോജിക്കുന്നതിനാലാണ്” എന്നാണ് നടി വിശദീകരിച്ചത്. ഇതിനിടയിൽ “കേരളത്തിൽ ഓറഞ്ച് അലർട്ടാണല്ലോ” എന്ന പരാമർശവും യൂട്യൂബർ നടത്തി.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് യൂട്യൂബറുടെ ചോദ്യത്തെ വിമർശിച്ച് രംഗത്തെത്തിയത്. ‘ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും പോടാ എന്ന് പറയണം, എന്റെ പൊന്നു മണ്ട, ഇപ്പൊ അവള്‍ ബിജെപിയില്‍ ഉണ്ടെന്ന് പറയണമായിരിക്കും,പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ?, എന്ത് ചോദ്യമാണെടാ ഇത്?എന്നിങ്ങനെയാണ് കമന്റുകള്‍.
സമീപകാലത്ത് അവതാരകയും നടിയുമായ പേളി മാണിയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ ഓറഞ്ച് ബാക്ക് ഗ്രൗണ്ടും പിന്നീടുണ്ടായ കാര്യങ്ങളും ഏവരും കണ്ടതാണ്. പിന്നാലെ സംവിധായകൻ സിബി മലയിൽയുടെ മകൻ ജോ സിബി ഇതുപോലെ കുത്തിത്തിരുപ്പ് ചോദ്യവുമായി എത്തി. പിന്നാലെ “കാവി എന്റെ ഇഷ്ട നിറമാണ്” എന്നായിരുന്നു പേളി മാണി തിരിച്ചടിച്ചത്.