ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ഗെയ്ല്‍. സാലി സാംസണ്‍ ടീമിന്റെ നായകനായപ്പോള്‍, മുന്‍ ഇന്ത്യന്‍ പേസര്‍ ബേസില്‍ തമ്പി വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സാലി സാംസണ്‍ രണ്ടാം തവണയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കുന്നത്. ആദ്യ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ബേസില്‍ തമ്പി ഇത്തവണ ഉപനായകന്റെ ചുമതലയാണ് വഹിക്കുക.

ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ക്രിസ് ഗെയ്ല്‍ നേതൃത്വനിര പ്രഖ്യാപിച്ചത്. ഇതിനൊപ്പം ടീമിന്റെ പുതിയ ഔദ്യോഗിക മുദ്രാവാക്യമായ ‘Once a Blue Tigers, Always a Blue Tigers’ എന്ന സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. പ്രഖ്യാപനം ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു. കഴിഞ്ഞ സീസണില്‍ സാലി സാംസണ്‍ പുറത്തെടുത്ത നേതൃത്വമികവ് ശ്രദ്ധേയമായിരുന്നുവെന്നും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്ത് ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു.

നേതൃത്വമികവാണ് വിജയത്തിന്റെ അടിത്തറയെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. സാലി സാംസണിന്റെയും ബേസില്‍ തമ്പിയുടെയും നേതൃത്വത്തില്‍ ബ്ലൂ ടൈഗേഴ്സ് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും, ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ കൂടുതല്‍ ശക്തമായ ടീമിനെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യവും നേതൃത്വ പ്രഖ്യാപനവും കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കൂടുതല്‍ ആവേശം പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Share