തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആശ ശോഭനയ്‌ക്ക് കേരളത്തിനായി തുടരാൻ റെയിൽവേയുടെ അനുമതി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെയാണ് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചത്.
റെയിൽവേ ഉദ്യോഗസ്ഥയായ ആശ ശോഭനയെ നേരത്തെ റെയിൽവേ ടീമിന്റെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കേരളത്തിനായി തന്നെ കളിക്കണമെന്നായിരുന്നു ആശയുടെ ആഗ്രഹം. നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ ശോഭന.
ആശയെ കേരള ടീമിൽ നിലനിർത്തണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും (KCA) ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് റെയിൽവേ ആശ ശോഭനയെ കേരള ടീമിനായി കളിക്കാൻ അനുവദിക്കുകയായിരുന്നു. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങളിൽ ആശയ്‌ക്ക് കേരളത്തിന്റെ ജേഴ്സിയിൽ തുടരാനാകും. കേരള ക്രിക്കറ്റിന് നിർണായകമായ താരമായ ആശ ശോഭനയുടെ സേവനം ടീമിന് തുടർന്നും ലഭിക്കുന്നത് സംസ്ഥാന വനിതാ ക്രിക്കറ്റിനും ആശ്വാസമാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുറിപ്പ്
നമ്മുടെ നാടിന്റെ അഭിമാനമായ ക്രിക്കറ്റ് താരം ആശാ ശോഭന വരുന്ന ആഭ്യന്തര സീസണിലും കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങുന്നു!
റെയിൽവേസ് ജീവനക്കാരിയായ ആശയ്‌ക്ക് സ്വന്തം നാടായ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാൻ അവസരമൊരുക്കണമെന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും (KCA) താരത്തിന്റെയും വലിയൊരു ആഗ്രഹമായിരുന്നു. ഈ വിഷയത്തിൽ ഉചിതവും കൃത്യസമയത്തുള്ളതുമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട്, ആശാ ശോഭനയ്‌ക്ക് കേരള ടീമിനായി കളിക്കാൻ പ്രത്യേക അനുമതി നൽകിയ ബഹുമാനപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഇതിനായി അകമഴിഞ്ഞ പിന്തുണ നൽകിയ സതേൺ റെയിൽവേയ്‌ക്കും റെയിൽവേ ഡിവിഷനുകൾക്കും എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. കേരള വനിതാ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ കൂടിയായ ആശാ ശോഭനയ്‌ക്കും കേരള ടീമിനും വരാനിരിക്കുന്ന സീസണിൽ എല്ലാവിധ വിജയങ്ങളും നേരുന്നു!
Thank you, Ashwini Vaishnaw Ji!
Thank you, Southern Railway!See less















