കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക് (ഹിസ്റ്റെറെക്ടമി) 45 ദിവസത്തെ ശമ്പളത്തോടെയുള്ള മെഡിക്കൽ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സമഗ്ര ശിക്ഷ പദ്ധതിയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി.സി. മോളി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ശസ്ത്രക്രിയയെ തുടർന്ന് സമർപ്പിച്ച മെഡിക്കൽ അവധി അപേക്ഷ സർക്കാർ നിരസിച്ചതിനെ തുടർന്നാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കരാർ ജീവനക്കാർക്ക് പ്രസവാവധി അനുവദിച്ചിട്ടുണ്ടെങ്കിലും, കേരള സർവീസ് റൂൾസിലെ (KSR) ചട്ടം 101എ പ്രകാരമുള്ള ഹിസ്റ്റെറെക്ടമി അവധി അനുവദിക്കാനാകില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
എന്നാൽ, പ്രസവാവധിയും ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ചികിത്സയ്‌ക്ക് അവധി നിഷേധിക്കുന്നത് വിവേചനപരമാണെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ കരാർ ജീവനക്കാരാണെന്ന കാരണത്താൽ നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 2021-ൽ പ്രസവാവധി സംബന്ധിച്ച ആനുകൂല്യങ്ങൾ കരാർ ജീവനക്കാർക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്‌ക്കും സമാനമായ ശമ്പളത്തോടെയുള്ള അവധി അനുവദിക്കേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു. ഹർജിക്കാരുടെ മെഡിക്കൽ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.















