പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രാജസ്ഥാൻ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗലി സ്വദേശി സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. സഹയാത്രികൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ഷൊർണൂരിൽ എത്തിയ മഡ്ഗാവ്-എറണാകുളം എക്സ്പ്രസിലായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപമാണ് സതീഷ് കുമാർ മീണ ഇരുന്നത്.
ട്രെയിൻ പട്ടാമ്പിയിൽ എത്തിയപ്പോഴാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ട്രെയിനിൽവച്ച് തന്നെ യുവതി റെയിൽവേ പൊലീസിനെ ഫോണിൽ ബന്ധപ്പെടുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ കൈമാറി പരാതി നൽകുകയും ചെയ്തു. ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വടകര, കോഴിക്കോട് മേഖലയിൽ ടൈൽസ് ജോലിചെയ്തുവരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. വടകരയിൽ നിന്ന് ഷൊർണൂരിലെത്തിയ ശേഷം കോയമ്പത്തൂർ വഴി രാജസ്ഥാനിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.
എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















